എന്റെ ബ്ലോഗ് പട്ടിക

2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

ദൂരകാഴ്ച്ചയുടെ ഒരു പ്രശ്നം.



ഞങ്ങളുടെ നാട്ടില്‍ ഒരു ലത്തീഫ് ഉണ്ട്. പലകാര്യങ്ങളിലും വളരെ മിടുക്കന്‍ . നാട്ടുകാര്‍ക് ഒരു ഉപകാരി. തെങ്ങ് കവുങ്ങ് ഒക്കെ കയറലാണ് പ്രധാന ജോബ്‌ . കിണറ്റില്‍ ഇറങ്ങാനും വീണു പോയ കിണ്ടി ബക്കറ്റ്‌ കുടം ഒക്കെ എടുക്കുന്നതില്‍ വളരെ വിദഗ്ദന്‍ . 
ആള്‍ സൈക്കിള്‍ സവാരി പഠിച്ചത് കുറച്ചു താമസിച്ചാണ്., പല കാരണങ്ങളാലും അത് ഒരു 18-20 വയസ് വരെ നീണ്ടു പോയി എന്നെ ഉള്ളു. അല്ലാതെ ചിലരുടെ വിവാഹം നടക്കാത്ത പോലെ എന്ന് കരുതിയാല്‍ ..ഛെ .. അങ്ങനെ അല്ല.. ലത്തീഫ് ന്റെ കവുങ്ങ് കയറ്റം ഒരു കല ആണ്. കവുങ്ങുകള്‍ നിര നിര ആയി നില്‍ക്കുന്ന പറമ്പിന്റെ ഒരു മൂലക്കുള്ള ഒരു കവുങ്ങില്‍ കയറിയാല്‍ അത് ആട്ടി ആട്ടി അടുത്ത കവുങ്ങിലേക്ക് പടര്‍ന്നു കയറും.അതില്‍ നിന്നും അടുത്ത കവുങ്ങില്‍ . അണ്ണാന്‍ കയറുന്ന പോലെ ഉള്ള ഈ കയറ്റവും പടര്‍ന്നു കയറലും ഒക്കെ കണ്ടാല്‍ " ഈ പണ്ടാരം താഴെ വീഴുമോ, ദൈവമേ ?" എന്ന് ആരും ചിന്തിച്ച്  പോവും. കവുങ്ങിന്റെ മുകളില്‍ കയറി മുറിച്ചെടുത്ത അടക്ക കുല താഴേക്ക്‌ ഒരു ഏറു ആണ് . അത് താഴെ നിന്ന് രഘു ഒരു ചാക്ക് വീശി പിടിക്കും. (ചാക്കിട്ടു പിടുത്തം അല്ല - വീശി പിടുത്തം) ഒറ്റ അടക്ക പോലും പുറത്തു പോവില്ല. എല്ലാം ചാക്കില്‍ തന്നെ ഉണ്ടാവും. ഇങ്ങനെ പറമ്പിലെ എല്ലാ കവുങ്ങുകളിലെയും അടക്ക പറിച്ചതിന് ശേഷം ആദ്യം കയറിയ കവുങ്ങിന്റെ തൊട്ടു ഇപ്പുറത്തുള്ള കവുങ്ങിന്റെ താഴെ എത്തിയെ ലത്തീഫ് നിലം തൊടൂ. 
      ലത്തീഫ് ഇങ്ങനെ ഒക്കെ ഉഷാര്‍ ആയി നടക്കുന്ന കാലത്താണ് സൈക്കിള്‍ ചവിട്ടാന്‍ പടികണം എന്ന ചിന്ത തലയില്‍ കയറുന്നത്. സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്ന കട ഒരെണ്ണം പുതിയത് നാട്ടില്‍ വരികയും ചെയ്തു, അനിയന്‍ ചെട്ടന്റെത് ആണ്  ആ ഒരെണ്ണം. സൈക്കിള്‍ വാടകക്കെടുത്തു കയറി ഇരുന്നു ലത്തീഫ് ചവിട്ടുന്നു - പഠിക്കുക ആണ് എന്നോര്‍ക്കണം- ഇറക്കം ഇറങ്ങി ലത്തീഫ് വരുന്നു.  താഴെ നിന്ന് നടന്നു കയറ്റം കയറി ചന്ദ്ര ശേഖരന്‍ നായര്‍ നടന്നു വരിക ആണ്.  നായര്‍ ആകെ ഉള്ള ഒരു ഏക്കറില്‍ നമ്മുടെ 'ജോസേട്ടന്‍ ' നെ കൊണ്ട് ലൈന്‍ ഒക്കെ അടിപ്പിചു റബര്‍ തൈകള്‍ ഒക്കെ വെച്ച്  നോക്കി വളര്‍ത്തി വരിക ആണ്. കയറ്റം കയറുമ്പോള്‍ നായരും
ദൂരെ സൈക്കിള്‍ സീറ്റില്‍ ഇരുന്നു വരുന്ന ലത്തീഫ് നെയും കാണുന്നുണ്ട്. ' ഇവന്‍ പെട്ടെന്ന് പഠിച്ചല്ലോ' എന്ന് ചിന്തിക്കുകയും ചെയ്തു. ലത്തീഫ് ആവട്ടെ നായരെ മാത്രം നോക്കി ബ്രേക്ക്‌ പിടിക്കാന്‍ പോലും മറന്നു പോയി. " മാറ്" എന്ന് പറയണം എന്നുണ്ട് പക്ഷെ നാണക്കേട്‌ ഓര്‍ത്തു പറഞ്ഞില്ല. 
   അടുത്ത സീനില്‍ കാണുന്നത് ലത്തീഫ് ന്റെ സൈക്കിള്‍ ന്റെ ഹാന്റിലില്‍ 'കാലന്‍ കുട' തൂക്കി ഇട്ടിരിക്കുന്നത് പോലെ സഞ്ചരിക്കുന്ന നായരെ ആണ്. ഇറക്കം തീരുന്നിടത്തുള്ള കലുങ്കും കടന്ന് തോട്ടില്‍ വീണു രണ്ടു പേരും. സൈക്കിള്‍ ന്റെ മുന്നിലത്തെ  വീല്‍ ആവട്ടെ  ഏതാണ്ട് 8 പോലെ ആയി. വീണിടത്ത് നിന്നും രണ്ടാള്‍ക്കും എണീക്കാന്‍ പറ്റുന്നില്ല. തൊട്ടടുത്ത അങ്ങാടിയില്‍ നിന്നും ഓടി കൂടിയ ആളുകള്‍ രണ്ടാളെയും താങ്ങി എടുത്തു നമ്മുടെ ഡോ. പട്ടാളം തങ്കപ്പന്‍ നായരുടെ അവിടേക്ക് കൊണ്ട് പോയി. ഡോക്ടര്‍ ആവട്ടെ അന്ന് ശബരിമല ദര്‍ശനത്തിനു പോയിരുന്നു. അങ്ങനെ അടുത്ത ആശുപത്രിയിലേക്ക് ജീപ്പ് വിട്ടു. അവിടത്തെ ഡോക്ടര്‍ ആവട്ടെ 'രൂപ താ' യുടെ കീഴില്‍ ഉള്ള ഒരു 'സ്വാശ്രയ മേഡി ക്കല്‍ ' കോളേജില്‍ പഠിച്ചിറങ്ങിയ ഒരു യുവ കോമളന്‍ ആയിരുന്നു. രണ്ടാളെയും പരിശോധിച്ചു. നായരുടെ രണ്ടു വാരിയെല്ലുകള്‍ പൊട്ടിയിരുന്നു. അത് വെച്ച് കെട്ടാനായി നേഴ്സ് നെ ഏല്പിച്ചു. അടുത്തത് ലത്തീഫ് ന്റെ ഊഴം. വലതു കാലിനു ഒടിവുണ്ടായിരുന്നു. കുറെ ചോരയും പോയിരുന്നു. ഡോക്ടര്‍ ചോദിച്ചു. " കുറച്ചു കൂടി നേരത്തെ കൊണ്ട് വരണ്ടായിരുന്നോ? 
കുറെ രക്തം പോയല്ലോ." കേട്ട പാതി കേള്‍ക്കാത്ത പാതി ഒപ്പം ഉണ്ടായിരുന്ന ഉത്തമന്‍ പറഞ്ഞു " വീണു കഴിഞ്ഞിട്ടല്ലേ" കൊണ്ട് വരന്‍ പറ്റു??" ഡോക്ടര്‍ ഒന്നും മിണ്ടിയില്ല. ലത്തീഫ് ന്റെ കാലിനും പ്ലാസ്റ്റര്‍ ഇടണം എന്ന് പറഞ്ഞു; പോരാതെ രണ്ടാളെയും 'നിര്‍ബന്ധമായും അവിടെ കിടക്കണം ' എന്നും തീര്‍ത്തു പറഞ്ഞു. ചന്ദ്ര ശേഖരന്‍ നായരെ വെച്ച് കെട്ടൊക്കെ കഴിഞ്ഞു ഒരു ബെഡില്‍ കിടത്തി. തൊട്ടപ്പുറത്ത് ബെഡില്‍ പ്ലാസ്റ്റര്‍ ഒക്കെ ഇട്ടു ലത്തീഫും. 
   ലത്തീഫിനെ ബെഡില്‍ കിടത്തിയ പാടെ മനസ്സില്‍ തട്ടി നായര്‍ പറഞ്ഞു " നിന്റെ കുറ്റമല്ല മോനെ.. നീ ഇറക്കം ഇറങ്ങി വരുന്ന കണ്ടപ്പോള്‍ ഞാന്‍ ആ കലുങ്കിന്റെ താഴേക്കു ഇറങ്ങി നില്കണമായിരുന്നു. അത്രയ്ക്ക് ദൂരെ കാഴ്ച്ച ഉണ്ടായില്ല.."

2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

"കരയുന്ന കല്‍വിളക്ക്‌ "


            കഥ വായിച്ചു തുടങ്ങുന്നതിനു മുന്‍പ് ഒരു നിമിഷം മുന്‍കാലങ്ങളിലെ ഉത്സവ പറമ്പ് കളെയും അവിടങ്ങളില്‍ നടന്നിരുന്ന കഥാ പ്രസംഗം, നൃത്തം, ഗാനമേള, ബാലെ തുടങ്ങിയവയും ദയവായി ഒന്ന് ഓര്‍മയിലേക്ക് കൊണ്ട് വരിക.
       ഞങ്ങളുടെ നാട്ടില്‍ ധാരാളം കലാകാരന്മാര്‍ ഉണ്ടായിരുന്നു (ഇന്നും ഉണ്ട്). 'യഥാര്‍ത്ഥ കലാകാരന്‍ എന്നും കഷ്ടപ്പാടിലായിരിക്കും' - (ക ട് . അഴകിയ രാവണന്‍ ) എന്നുള്ളത് കൊണ്ട് അതൊക്കെ ഉപേക്ഷിക്കാന്‍ പലരും നിര്‍ബന്ധിതരാവുന്നു എന്ന് മാത്രം. അന്നൊക്കെ ഉത്സവ പറമ്പുകളെ അടക്കി വാണിരുന്നത്‌ കഥാ പ്രസംഗം അവതരിപ്പിച്ചിരുന്ന 'കാഥികര്‍ ' ആയിരുന്നു. ശ്രീ . സാംബശിവന്‍ മുതല്‍ തുടങ്ങുന്നു ആ നിര.
        വയണക്കുടി ജോര്‍ജ്ജേട്ടന്റെ മക്കളില്‍ മൂന്നാമന്‍ ആയിരുന്നു ജോയി. കുറച്ചൊക്കെ കലാവാസന ഉള്ള ആളായിരുന്നു. വലിയ കുഴപ്പം ഇല്ലാതെ പാട്ടൊക്കെ പാടുമായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും പ്രത്യേകിച്ച് ജനത വായന ശാലയിലെ സായാഹ്ന സദസ്സും പ്രോത്സാഹിപ്പിച്ചിരുന്നു ജോയി ഉള്‍പ്പടെ ഉള്ള കലാകാരന്‍മാരെ. ഉദാഹരണത്തിന് രാവിലെ വേലയുധേട്ടന്റെ കടയില്‍ വന്നു ചായ കുടി ഒക്കെ കഴിഞ്ഞാല്‍ വായന ശാലയില്‍ വന്നിരുന്നു പാട്ട് പാടുമായിരുന്നു. വൈകുന്നേരം ആണെങ്കില്‍ എല്ലാരും വട്ടം കൂടും ജോയിയും ബാബു ക്കുട്ടിയും കൂഒടെ കൂടിയാല്‍ പിന്നെ മേശമേല്‍ താളമിട്ടു അതൊരു ഗാനമേള ആയി മാറും. അല്പം ഇരുട്ടിയാല്‍ സപ്ലൈ ചെയ്യപ്പെടുന്ന അച്ച്ച്യുതേട്ടന്‍ വക ഐറ്റത്തിന്റെ 'മേന്മ' അനുസരിച്ചാണ് പാട്ടുകളുടെ സെലക്ഷന് .. അത് പാതി രാത്രി വരെ നീണ്ടു നില്‍ക്കും. പലപ്പോഴും നാട്ടിലെ ഏതെങ്കിലും സുന്ദരിയുടെ കല്യാണം ഒക്കെ ആണെങ്കില്‍ പിന്നെ ആകെ ശോക ഗാന മയം ആവും.. 'സന്യാസിനിയും' മറ്റും അവിടെ നിറഞ്ഞു നില്‍ക്കും. അതൊക്കെ പറഞ്ഞു പാടിക്കാന്‍ ഏതെങ്കിലും നിരാശ കാമുകന്മാര്‍ ഉണ്ടാവും. പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ല. അതൊക്കെ അങ്ങനെ ഒക്കെ ആണ്. നാട്ടിലെ സുന്ദരി നാട് വിടുമ്പോള്‍ ഉള്ള ഒരു സങ്കടം അത്ര മാത്രം...
       ഇതൊക്കെ ഇങ്ങനെ തുടരുന്ന കാലത്താണ് ഒന്ന് വളരാനുള്ള ഒരു ആഗ്രഹം ജോയിയുടെ ആഗ്രഹം മുള പൊട്ടുന്നത്‌. ആള്‍ കഥാ പ്രസംഗത്തിന്റെ ലോകത്ത് എത്തുന്നത്. ചന്ദ്രേട്ടനും ജോസേട്ടന്‍ മാരും ഒക്കെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 'വാഴക്കുലയും' 'രമണനും' ഒക്കെ ചെറിയ ചെറിയ കഥാ പ്രസംഗങ്ങള്‍ ആയി ഞങ്ങളുടെ നാട്ടില്‍ അവതരിച്ചു. വായന ശാല വാര്‍ഷികം ഒക്കെ ആയതു കൊണ്ടും സ്വന്തം നാട്ടുകാരായത് കൊണ്ടും ജനം കാര്യമായി ഒന്നും പ്രതികരിച്ചിരുന്നില്ല. അങ്ങനെ ചെറിയ പേരൊക്കെ ആയി ജോയിക്ക്. എന്നാല്‍ ജോയി എന്നാ പേരിനു ഒരു ലുക്ക്‌ ഇല്ല എന്ന് ഏതോ 'അഭ്യുദയകാംക്ഷികള്‍ ' പറഞ്ഞത് കൊണ്ട് " ഇനിയുള്ള നോട്ടീസ് കളില്‍ " സുപ്രസിദ്ധ കാഥികന്‍ എം. ജെ . ചിറ്റാര്‍ " എന്ന് പേര് വെക്കണം എന്ന് ആള്‍ നിര്‍ബന്ധം പിടിക്കാനും തുടങ്ങി. അതിനും പുറമേ ഇനി ഒരു സ്വന്തം കഥ അവതരിപ്പിക്കണം എന്ന ആവശ്യവും ശക്തമായി. അങ്ങെനെ ജോയി സ്വന്തമായി രചിച്ചു അവതരിപ്പിക്കാന്‍ തയ്യാറായ കഥക്ക് ഇട്ട പേരാണ് 'കരയുന്ന കല്‍വിളക്ക്‌' ജോയി യുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റുള്ളവരും.
      അങ്ങനെ ഉത്സവ സീസണ്‍ വന്നു. ഞങ്ങളുടെ നാട്ടുകാര്‍ നാട്ടിലെ കലാകാരന്മാരെ ഒന്ന് പ്രോത്സാഹിപ്പിക്കാന്‍ ഒരു അവസരം നല്കാന്‍ വായനശാല കമ്മറ്റി തീരുമാനിച്ചു വായനശാലയുടെ ബാനറില്‍ തന്നെ കലാവേദി രൂപീകരിച്ചു. ഗായികയായ ഷീല, നര്‍ത്തകി ആയ സോയ എന്നിവരൊക്കെ ആണ് പ്രധാന താരങ്ങള്‍ . എല്ലരുടെയും റിഹേര്‍സല്‍ ഒക്കെ ആയി ആകെ മേളമായിരുന്നു. തൊട്ടപ്പുറത്തെ സുബ്രന്റെ കടയില്‍ നിന്നും ഓംലെറ്റ് ഉം കാപ്പിയും ഞങ്ങള്‍ക്കും പിന്നെ സീനിയെര്‍ സിന് അച്ച്ച്യുതേട്ടന്‍ വക വാറ്റും ഓംലെറ്റ് ഉം ആകെ പൊടി പൂരം.
        തൊട്ടപ്പുറത്തെ നാട്ടും പുറത്തെ ഉത്സവത്തിനു ഈ സംഘത്തിന്റെ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ശ്രീധരേട്ടന്റെ ഉത്സാഹത്തില്‍ ഒരു അവസരവും കിട്ടി. ഷീലയുടെ പാട്ടും സോയയുടെ ഡാന്‍സ്ഉം എം ജെ ചിറ്റാര്‍ ന്റെ കഥാ പ്രസംഗവും ആയിരുന്നു പ്രധാന ഐറ്റംസ്. ഹാര്‍മോണിയം വായിച്ചിരുന്നത് ബാബുക്കുട്ടിയും തബല കൈകാര്യം ചെയ്തിരുന്നത് ശാരങ്ങധരനും സിമ്പല്‍ പുഷ്പാങ്ങദനും ആയിരുന്നു. അന്നൊക്കെ പശ്ചാത്തലത്തില്‍ പാട്ട് കേള്‍പിച്ച്ചിട്ടു അതനുസരിച്ച് നൃത്തം ചെയ്തിരുന്നത് തെരുവ് സര്‍ക്കസ് കാര്‍ മാത്രമായിരുന്നു, " റെക്കോര്‍ഡ്‌ ഡാന്‍സ് " എന്നായിരുന്നു ആ ഐറ്റത്തിന്റെ പേര്. ഇന്നത്‌ "സിനിമാറ്റിക് ഡാന്‍സ് " എന്ന പേരില്‍ ഒരു മഹാ സംഭവം ആയിരിക്കുന്നു. കാലം വരുത്തിയ മാറ്റം(?).
         വീണ്ടും നമ്മുടെ സ്റ്റേജ് ലേക്ക് . ഷീലയുടെ പാട്ടിനും  സോയയുടെ ഡാന്‍സ് നും വായന കഴിഞ്ഞപ്പോളെക്കും ബാബുക്കുട്ടിയും ശാരങ്ങധരനും മറ്റുള്ളവരും ഒരു പരുവം ആയിരുന്നു, കണ്ടിരുന്ന ജനങ്ങളും. കഥാ പ്രസംഗത്തിനും ശേഷം ഉള്ള 'ബാലെ' കാണാന്‍ ആയിരുന്നു ജനത്തിനു താല്പര്യം. അന്നൊക്കെ 'ബാലെ' ഉന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര 'ബാലെ' ആയിരുന്നു. കുഞ്ഞു കുട്ടി പരാഥീനങ്ങള്‍ ഒക്കെ സ്റ്റേജ് ന്റെ മുന്‍പില്‍ തന്നെ ഉണ്ടാവും..
    "അടുത്തതായി സുപ്രസിദ്ധ കാഥികന്‍ എം ജെ ചിറ്റാര്‍ അവതരിപ്പിക്കുന്ന കഥാ പ്രസംഗം .." അനൌണ്‍സ് മെന്റ് എത്തി. ജോയിയും കൂട്ടരും സ്റ്റേജ് ഒക്കെ സെറ്റ് ആക്കി. ഹാര്‍മോണിയം , തബല, സിമ്പല്‍ ഒക്കെ സെറ്റ് ചെയ്തു. കര്‍ട്ടന്‍ ഉയര്‍ന്നു. സ്റ്റേജില്‍ കയറുന്നതിനു മുന്‍പായി ജോയി ഒരു ധൈര്യത്തിന് വേണ്ടി രണ്ടു -മൂന്ന് നില്പന്‍ അടിച്ചിരുന്നു - അതൊരു പതിവാണ് - 'എന്നാലെ ഒരു ഹരമുള്ളു' എന്നാണ് അതിനു പറഞ്ഞിരുന്ന ന്യായം. കഥാപ്രസംഗം തുടങ്ങി, അവതരണ ഗാനം പതുക്കെ മുഴങ്ങി. അവസാനം
  "പ്രിയമുള്ളവരേ ഞാനിന്നിവിടെ പറയുന്ന കഥയുടെ പേരാണ് കരയുന്ന കല്‍വിളക്ക്‌ " - പറഞ്ഞു തീര്‍ന്നതും ഹാര്‍മോണിയം , തബല, സിമ്പല്‍ ഒക്കെ ഒരുമിച്ചു മുഴക്കണം എന്നാണ്. പക്ഷെ ബാബുക്കുട്ടി ഹാര്‍മോണിയം മാത്രമേ വായിച്ചുള്ളൂ. ശാരങ്ങധരനും സിമ്പല്‍ അടിക്കേണ്ട പുഷ്പാങ്ങദനും കൂടി ഫ്ലാസ്കില്‍ നിന്നും കട്ടന്‍ കാപ്പി ഒഴിക്കുക ആയിരുന്നു. ജോയി വെള്ളപ്പുറത്ത് ആണെന്നും ഇത്ര എളുപ്പത്തില്‍ അവതരണ ഗാനം പാടി തീര്‍ക്കും എന്നും അവരോര്‍ത്തില്ല. ജോയി അവരെ രൂക്ഷ മായി ഒന്ന് നോക്കി. രണ്ടാളും വിരണ്ടു പോയി.. വീണ്ടും       "പ്രിയമുള്ളവരേ ഞാനിന്നിവിടെ പറയുന്ന കഥയുടെ പേരാണ് കരയുന്ന കല്‍വിളക്ക്‌ ". അപ്പോളും പുഷ്പാങ്ങദന്‍ സിമ്പല്‍ അടിക്കാന്‍ മറന്നു പോയി. ഉടനെ ജോയി മൈക്ക് ഓഫ്‌ ചെയ്യാതെ തന്നെ " അടിയെടാ #@$%@ സിമ്പല്‍ ; അല്ലെങ്കില്‍ വണ്ടി കൂലിക്ക് തെണ്ടേണ്ടി വരും" എന്ന് ഒറ്റ അലര്‍ച്ച ആയിരുന്നു. ഉത്സവ കമ്മറ്റി കാരുടെ കയ്യില്‍ നിന്നും കാശ് കിട്ടാതെ വന്നാലുള്ള അവസ്ഥ ഓര്‍ത്തു പെട്ടെന്നങ്ങ് പറഞ്ഞു പോയതാണ്.
      ഇത് കേട്ടതും ബഹു ജനം ഒന്നാകെ കൂവി. അതോടെ ജോയിയുടെ സകല നിയന്ത്രണവും വിട്ടു. വീണ്ടും കൂവുന്നവരോടായി "എന്തെടാ ചെളുക്കകളെ കൂവുന്നത് എന്റെ കാശിങ്ങു തന്നാല്‍ ഞാനങ്ങു പോയേക്കാം...." ബാക്കി കാര്യം പറയണോ??..സ്വന്തം നാട്ടുകാര്‍ക്കുള്ള മയമൊന്നും അടുത്ത നാട്ടുകാര്‍ക് ഉണ്ടാവണം എന്നില്ലല്ലോ .. ആ നാട്ടിലെ യുവ ജനത അന്ന് ബാലെ പോലും നടത്താന്‍ വിട്ടില്ല എന്ന് പറയപ്പെടുന്നു.. കുറച്ചു ദിവസം കഴിഞ്ഞാണ് പിന്നെ ജോയിയെ ജനത വായന ശാലയില്‍ പോലും കണ്ടത്...
      ഞങ്ങളുടെ കലാവേദി അവിടെ തന്നെ മുരടിച്ചു പോയി കാണും എന്ന് നിങ്ങള്‍ ചിന്തിച്ചോ? 'ഇല്ല' പ്രിയമുള്ളവരേ.. ഒരു ഫിനിക്സ് പക്ഷിയെ പോലെ അത് ഉയര്‍ത്ത് എണീറ്റു.. കഥകള്‍ പിന്നാലെ വരും ...
           ഒരു കാര്യം കൂടി: ചില്ലറ മാറ്റങ്ങള്‍ ഉണ്ടെങ്കിലും ഇതിലെ മിക്ക കഥാപാത്രങ്ങളും ഇപ്പോളും ജീവിച്ചിരിക്കുന്നു. നിലമ്പൂരിന്റെ പരിസരങ്ങളില്‍ . വേണം എന്നുള്ളവര്‍ക്ക് പരിചയപ്പെടാം...

2011, മാർച്ച് 24, വ്യാഴാഴ്‌ച

ഡോക്ടര്‍ ( പട്ടാളം ) തങ്കപ്പന്‍ നായരും 'മേഡിക്കല്‍ ' കോളേജും . . .




ആദ്യം തന്നെ  'മേഡിക്കല്‍ കോളേജ് എന്ന വാക്കിന് കടപ്പാട് ബഹുമാനപ്പെട്ട 
മുഖ്യമന്ത്രിയോട്..

     ഡോ. തങ്കപ്പന്‍ നായര്‍ ഞങ്ങളുടെ നാട്ടിലെ പഴയ തലമുറയില്‍ പെട്ട ഒരു ഡോക്ടര്‍ ആണ്. ആള്‍ പട്ടാളത്തിലൊക്കെ ആയിരുന്നു. അങ്ങനെ            "പട്ടാളം ഡോക്ടര്‍ " എന്ന പേരില്‍ അദ്ദേഹം ആ നാട്ടിലും അയല്‍ നാട്ടിലും ഒക്കെ അറിയപ്പെട്ടിരുന്നു.  സ്വന്തം വീടിന്റെ ഒരു ഭാഗത്ത്‌ തന്നെ ആണ് ക്ളിനിക്. രാവിലെ മുതലേ തന്നെ രോഗികളെ പരിശോധിക്കും - അങ്ങനെ പ്രത്യേക സമയ നിഷ്ഠ ഒന്നും ഉണ്ടായിരുന്നില്ല - മരുന്ന് കൊടുക്കും കുത്തി വെക്കും നിവര്‍ത്തി ഇല്ലെങ്കില്‍ മാത്രം ഷൈനി ചേച്ചിയുടെ മെഡിക്കല്‍ സ്റ്റോര്‍ ലേക്ക് ഒരു കുറിപ്പ് കൊടുക്കും. മെഡിക്കല്‍ റെപ്രസെന്‍ററ്റിവ് മാര്‍ നല്‍കിയിരുന്ന സമ്മാനങ്ങള്‍ക്ക് വേണ്ടി മരുന്ന് എഴുതാറില്ലായിരുന്നു എന്ന് പ്രത്യകം പറയേണ്ടല്ലോ. അത് പോലെ കിട്ടുന്ന ഫ്രീ സാമ്പിള്‍ മരുന്നുകളൊക്കെ പാവപ്പെട്ട നാട്ടുകാര്‍ക്ക് തന്നെ വിതരണം ചെയ്യുമായിരുന്നു. 

     വളരെ അത്യാസന്ന നിലയിലുള്ള രോഗികളെ മാത്രമേ ഞങ്ങളുടെ നാട്ടുകാര്‍ ദൂരെ ഉള്ള ആശുപത്രികളില്‍ കൊണ്ട് പോയിരുന്നുള്ളൂ. അവിടത്തെ "അറക്കവാള്‍ " പോലെ ഉള്ള ബില്ല് തന്നെ കാരണം.

    ഡോ. തങ്കപ്പന്‍ നായര്‍ ഒരു സരസനും സഹായ മനസ്കനും ആണ്. ഈയുള്ളവന്‍ ഉള്‍പ്പടെ ഒക്കെ കോളേജ് യുണിയന്‍ തെരഞ്ഞെടുപ്പിനൊക്കെ പിരിവിനു ചെല്ലുമ്പോള്‍ ഗോമതി ചേച്ചി യെ കൊണ്ട് ചായയും ബിസ്കറ്റ് ഉം ഒക്കെ തരുന്നതിനു പുറമേ ഒരു തുകയും കിട്ടുമായിരുന്നു. (ഡോക്ടര്‍മാര്‍ക്കിടയില്‍  അങ്ങനെ ഉള്ളവര്‍ വളരെ ചുരുക്കം ആണ് ഇപ്പോളും എന്ന് പറയപ്പെടുന്നു.) ഇദ്ദേഹം കഥാപാത്രമായ ചില സംഭവങ്ങള്‍ ...
       എല്ലാ മഴക്കാലത്തും പനിയും ചുമയും ആയി ധാരാളം രോഗികള്‍ വരാറുണ്ട് . ആ വരവ് കാലം തുടങ്ങിയാല്‍ അദ്ദേഹം നേരത്തെ തന്നെ പനിക്കും ചുമക്കും ഉള്ള മരുന്നുകള്‍ ചീട്ടുകളില്‍ എഴുതി വെക്കും രോഗി വന്നു പേരും വയസും പറഞ്ഞു തീരുമ്പോള്‍ തന്നെ കുറിപ്പടി റെഡി. എന്തെങ്കിലും കൂടുതല്‍ അസുഖം ഉണ്ടെങ്കിലെ വിശദമായ പരിശോധന ഉള്ളു. 

          ഒരിക്കല്‍ വര്‍ഗ്ഗീസ്  റൈറ്റര്‍ (ഇദ്ദേഹം ഞങ്ങളുടെ നാട്ടിലെ മറ്റൊരു കഥാപാത്രമാണ് - കഥകള്‍ പിന്നീടു പോസ്റ്റുന്നതായിരിക്കും) മകന്‍ ബെന്നി യെയും കൊണ്ട് ഡോക്ടര്‍ നെ കാണാന്‍ ചെന്നു. ബെന്നി "തീരെ മെലിഞ്ഞിരിക്കുന്നു. കുറച്ചു തടി വെക്കാന്‍ വല്ല മരുന്നും ഉണ്ടെങ്കില്‍ തരണം." എന്നായിരുന്നു ആവശ്യം. അത് കേട്ടപ്പോള്‍ തന്നെ ഡോക്ടര്‍ തന്‍റെ മകനെ വിളിച്ചു "സുരേഷേ .." സുരേഷ് ഓടി വന്നു. " ഷര്‍ട്ട്‌ ഊരെടാ .." എന്ന് ഡോക്ടര്‍ . ഷര്‍ട്ട്‌ ഊരി കാണിച്ചു കൊടുത്തു. ഭിത്തിയില്‍ തൂങ്ങുന്ന അസ്ഥി കൂടത്തിന്റെ പടത്തിന് ജീവന്‍ വെച്ചതാണോ എന്ന് റൈറ്റര്‍ ക്ക് തോന്നി. അതായിരുന്നു കോലം. കൂട്ടത്തില്‍ ഡോക്ടര്‍ ടെ വാക്കുകള്‍  "എന്റെ റൈറ്റരേ  തടി വെക്കാന്‍ വല്ല മരുന്നും ഈ ഭൂമി മലയാളത്തില്‍ ഉണ്ടെങ്കില്‍ ഞാനാദ്യം ഇവന് വാങ്ങി കൊടുക്കൂലെ .. ഒക്കെ തട്ടിപ്പല്ലേ??"  റൈറ്റര്‍ മകന്റെ കയ്യും പിടിച്ച് ഇറങ്ങി നടന്നു....

     അത് പോലെ ഒരിക്കല്‍ ടൈലര്‍ രാജേട്ടന്റെ മകന്‍ രാജേഷ്‌ ഒരു ബട്ടന്‍സ് എടുത്തു വളരെ വിദഗ്ദമായി മൂക്കിനകത്ത്‌ കയറ്റി. തിരിച്ചെടുക്കാന്‍ പറ്റുന്നില്ല. രാജേഷ്‌ ന്റെ അമ്മ മണി ചേച്ചി നെഞ്ഞത്തടിയും നിലവിളയും തുടങ്ങി. എല്ലാരും കൂടി രാജേഷ്‌ നെ പൊക്കി ഡോക്ടര്‍ ടെ അടുത്തെത്തിച്ചു.
 "എന്താ ചെയ്യാ??" എന്നായിരുന്നു എല്ലാരുടെയും മനസ്സില്‍ .   
           ഡോക്ടര്‍ പെട്ടിക്കടക്കാരന്‍ ഗോപാലന്‍ ചേട്ടനോട് കുറച്ചു പുകയില കൊണ്ട് വരന്‍ പറഞ്ഞു.
    ഒരു കാര്യം കൂടി അന്നൊക്കെ അങ്ങനെ ആണ് എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാല്‍ എല്ലാരും ഓടി കൂടും ആവുന്നത്ര സഹായങ്ങള്‍ എല്ലാം കയ്യും മെയ്യും മറന്നു ചെയ്യും. ഒരു തല്ലും പിടിയും ഉണ്ടായാല്‍ പോലും "സ്വന്തം തടി" നോക്കാതെ പിടിച്ചു മാറ്റാന്‍ ആളുണ്ടാവും. ഇന്നെന്തോ അതൊക്കെ മാറിപ്പോയി. അത് കൊണ്ട് നാട്ടിന്‍ പുറത്തായാലും ആരും പോയി തല്ലുണ്ടാക്കരുത്.. പ്ലീസ്,    പിടിച്ചു മാറ്റാനും ഒന്നും ആരും വരില്ല.  
      ഗോപാലന്‍  ചേട്ടന്‍ ഓടിപ്പോയി പുകയില കൊണ്ട് വന്നു. ഡോക്ടര്‍ അത് നല്ല പോലെ ചൂടാക്കി രാജേഷ് നോട് മണപ്പിക്കാന്‍ പറഞ്ഞു അവനതൊട്ടും  മൈന്‍ഡ് ചെയ്തില്ല പിന്നെ എല്ലാരും കൂടി ഒച്ച ഇട്ടപ്പോള്‍ പാവം രാജേഷ് അത് ആഞ്ഞു അകത്തേക്ക് വലിച്ചു കയറ്റി. കളികള്‍ക്കിടയില്‍ ഇല,  കടലാസ് ഒക്കെ ചുരുട്ടി വലിച്ചിട്ടേ ഉണ്ടായിരുന്നുള്ളു അവന്‍ ഇത് വരെ. പുകയിലയുടെ ചൂട് ഉള്ള മണം മൂക്കിനകത്തെക്ക് കയറിയതോടെ   രാജേഷ്‌  ശക്തമായി തുമ്മാന്‍ തുടങ്ങി. അതി ശക്തമായ ആ തുമ്മലില്‍ നേരിയ ചുവന്ന നിറമുള്ള ആവരണത്തോടെ ബട്ടന്‍സ് പുറത്തേക്കു തെറിച്ചു പോയി.  

       "കഥകള്‍ക്ക് വല്ലാതെ നീളം കൂടുന്നു",          " ഒറ്റ അടിക്കു ഇരുന്നു വായിക്കാന്‍ 
'സമയമില്ലായ്മ' മുദ്രാവാക്യമായ ഈ കാലത്ത് ആര്‍ക്കാണ് നേരം?"   എന്നൊക്കെ ഉള്ള അനുവാചകരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് ഡോ. തങ്കപ്പന്‍ നായരുടെ  കഥകള്‍ തുടരും...                 




2011, മാർച്ച് 16, ബുധനാഴ്‌ച

അപ്പുട്ടനും ഇസ്മായിലും പിന്നെ ഞാനും . . .




'വലിയ വീട്ടില്‍ അപ്പുട്ടന്‍ ' ഞങ്ങളുടെ നാട്ടിലെ പ്രധാന തറവാടുകളില്‍ ഒന്നിലെ "വയറു കഴുകി സന്തതി" അതായത് ഏറ്റവും ചെറിയ കുട്ടി ആയിരുന്നു. നാട്ടിലെ പാടശേഖരങ്ങളില്‍ ഒരു പങ്കും കൃഷി ഭൂമിയില്‍ ഒരു പങ്കും കക്ഷിയുടെ വീട്ടുകാരുടെ വകയായിരുന്നു.നാല് പെങ്ങന്മാര്‍ക്കും കൂടി ഉള്ള ഒരേ ഒരു ആങ്ങള.."നഞ്ഞെന്തിന് എന്തിനു നാനാഴി?" എന്ന് നിങ്ങള്‍ ചിന്തിച്ചു കാണും. ഒറ്റതും ഇളയതുമായ 'കുഴപ്പങ്ങള്‍ ' ഉണ്ടാവും എന്ന് നമ്മള്‍ പ്രതീക്ഷിക്കും, എന്നാല്‍ അങ്ങനെ ഒന്നും ഇല്ല എന്ന് തന്നെ അല്ല എട്ടണക്ക്‌ പിശുക്ക് കൂടുതലും ആണ്. ജനത വായന ശാലയിലെ വൈകുന്നേരങ്ങളിലെ രാഷ്ട്രീയ സാമൂഹിക വിഷയ വിശകലനങ്ങള്‍ക്കും  ചൂടേറിയ ചര്‍ച്ചകള്‍കും ശേഷം ഉള്ള കട്ടന്‍ കാപ്പിക്കും ഓംലെറ്റ്‌ നും പോലും ഒരിക്കലും അപ്പുട്ടന്‍ പൈസ മുടക്കില്ല. പിന്നെയല്ലേ ശനിയാഴ്ച വൈകുന്നേരങ്ങളിലെ ഷെയര്‍ ഇട്ടുള്ള വീശല്‍...അങ്ങനെ കൂട്ടത്തില്‍ വെത്യസ്ഥനായ ഒരു ബാലന്‍ ആയിരുന്നു അപ്പുട്ടന്‍ ..
             
    ഇസ്മയില്‍ ആവട്ടെ നാട്ടിലെ പ്രധാന മലഞ്ചരക്ക് വ്യാപാര കുടുംബത്തില്‍ ഉള്ള മെമ്പറും. നാട്ടിലെ അടക്ക, കുരുമുളക്, ഇഞ്ചി തുടങ്ങിയ കാര്‍ഷിക വിളകള്‍ വാങ്ങി കോഴിക്കോട് അങ്ങാടി യിലേക്ക് അയക്കുന്ന പരിപാടി. ചെറുപ്പം മുതലേ ധാരാളം പണം കൈകാര്യം ചെയ്തു ശീലം ഉള്ള കുടുംബക്കാര്‍ ആണ്. രണ്ടു കയ്യിലും കറന്‍സി നോട്ടുകള്‍ പിടിച്ചു മേശപ്പുറത്തേക്ക് ഒരു പോലെ ഇട്ട് ഇടതടവില്ലാതെ എണ്ണാന്‍ ഉള്ള കഴിവ്  ഇസ്മായിലിന് ഉണ്ടായിരുന്നു. ഈ രണ്ടു നോട്ടു കെട്ടില്‍ ഏതിലെങ്കിലും ഒരു നോട്ട്‌ കൂട്ടം തെറ്റി വന്നാല്‍ അത് വേറെ ആവും വീഴുക. അന്ന് currency counting machine ഒന്നും ഉണ്ടായിരുന്നില്ല. ചെറുപ്പം മുതല്‍ പണം കൈകാര്യം ചെയ്യുന്നതിന്റെ ഒരു മെച്ചം. 

      പറഞ്ഞു വന്നത്.. ഈ  മലഞ്ചരക്ക് വ്യാപാരത്തില്‍ പലപ്പോളും പണത്തിനു നല്ല ബുദ്ധിമുട്ട് വരുമായിരുന്നു. ടൌണിലേക്ക് അയച്ച ലോഡ് ന്റെ പൈസ വരാനോ മറ്റോ താമസിച്ചാല്‍ താല്കാലികമായ ഒരു ടൈറ്റ്. ഈ അവസരത്തില്‍ പലരില്‍ നിന്നും കടം വാങ്ങിയാണ് കാര്യങ്ങള്‍ നടത്തുക. അത് അപ്പുട്ടനും നന്നായി അറിയാമായിരുന്നു. പക്ഷെ ഒരിക്കല്‍ പോലും ഇസ്മയിലിനു പൈസ കൊടുക്കുമായിരുന്നില്ല. തന്നെയുമല്ല 'Offence is the best defence' എന്ന ശാസ്ത്രത്തില്‍ ഊന്നി ഇടക്കൊക്കെ ഇസ്മായിലിനോട് 5,000.00; 10,000.00; 25,000.00 ഒക്കെ വാങ്ങുകയും ചെയ്യും. ഒരു കാര്യത്തിനും വേണ്ടി അല്ല വെറുതെ വാങ്ങുക ആണ് എന്ന് ഞങ്ങള്‍ക്കൊക്കെ അറിയാമായിരുന്നു താനും. വാങ്ങിയ പണം സമയത്തിന് തന്നെയോ ഒന്നോ രണ്ടോ ദിവസം താമസിച്ചോ കൊടുക്കുകയും ചെയ്തു. ഇങ്ങനെ പലപ്പോള്‍ ആയപ്പോള്‍ ഇസ്മായിലിന് സ്വൈര്യം കെട്ടു. അപ്പുട്ടനെ ഒന്ന് "നേരെ ആക്കുവാന്‍ " തീരുമാനിച്ചു. 

    ഒരു ദിവസം അപ്പുട്ടന്‍ പൈസ ചോദിച്ചപ്പോള്‍ ഇസ്മായില്‍ പറഞ്ഞു " വൈകുന്നേരം വീട്ടിലേക്കു വാ." എന്നിട്ട് ഇസ്മായില്‍ എന്നോടും പറഞ്ഞു " നീയും വൈകിട്ട് വീട്ടിലേക്കു വരണം." സന്ധ്യക്ക്‌ ഞാന്‍ അലവിക്കുട്ടിയെയും കൂട്ടി ഇസ്മായിലിന്റെ വീട്ടില്‍ എത്തി. ഇസ്മായിലിന്റെ ഉമ്മ (അമ്മ) -എനിക്ക് രണ്ടു പേരും ഒരു പോലെ തന്നെ ആണ്- ആട്ടിന്‍ പാല്‍ ഒഴിച്ച ചായയും 'പഴം നിറച്ചതും' കൊണ്ട് വന്നു തന്നു. കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അപ്പുട്ടനും എത്തി. കക്ഷിക്കും കൊടുത്തു. കഴിച്ചു. 
     ഇതിനിടക്ക്‌ ഇസ്മായില്‍ രണ്ടു പലാസ്റ്റിക്  കൂട് കൊണ്ട് വന്നു ടീപോയില്‍ വെച്ചു.  'പഴം നിറയുടെ' പാത്രം എടുത്തു മാറ്റി ( അത് കാലി ആയിരുന്നു.)  പലാസ്റ്റിക്  കൂട്  രണ്ടും ടീപോയിലേക്ക് തട്ടി. 100 ന്റെ നോട്ട്‌ കെട്ടുകള്‍ ആയിരുന്നു. അപ്പുട്ടന്‍ ഒന്ന്  അന്തം വിട്ടു. ഞങ്ങളും. ഇസ്മായില്‍ പറഞ്ഞു " അപ്പുട്ടാ ... എത്രയാ വേണ്ടത് എന്ന് വെച്ചാല്‍ എടുത്തോ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചോദിച്ച് സ്വൈര്യം കെടുത്തരുത്..." അപ്പുട്ടന്‍ ഒന്നും പറയാതെ ഞങ്ങളെ ഓരോരുത്തരെ ആയി നോക്കി.. ഇറങ്ങി...പുറത്തേക്കു നടന്നു. 
   അപ്പോള്‍ അലവിക്കുട്ടി പറഞ്ഞു " നല്ല തറവാട്ടിലും നാ-- പിറക്കും, കേട്ടിട്ടില്ലേ?" ഞങ്ങളും ഇറങ്ങി നടന്നു.
     പ്രിയമുള്ളവരേ 'ഒരു ദിവസം അല്ലെങ്കില്‍ ഒരു ദിവസം ഇങ്ങനെ ഉള്ള അപ്പുക്കുട്ടന്‍ മാരുടെ മുന്‍പില്‍ ഇസ്മായില്‍ മാരായി ജീവിക്കണം' എന്ന്‌  നിങ്ങള്‍ക്കും തോന്നുന്നില്ലേ?

ഒരു കാര്യം കൂടി: കുറച്ചൊക്കെ മാറ്റങ്ങള്‍ ഉണ്ടെങ്കിലും ഇതിലെ എല്ലാ കഥാപാത്രങ്ങളും ഇപ്പോളും  ജീവിച്ചിരിക്കുന്നു. നിലമ്പൂരിന്റെ  പരിസരങ്ങളില്‍. വേണം എന്നുള്ളവര്‍ക്ക്  പരിചയപ്പെടാം...